Tuesday, March 3, 2009

കിളിരൂര്‍ വി.ഐ.പിയെ വി.എസ്‌ മറന്നു?

തിരുവനന്തപുരം: കിളിരൂര്‍ കേസിലെ വി.ഐ.പിക്കെതിരെ നടപടിയെടുക്കുമെന്ന പ്രസ്‌താവന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വിഴുങ്ങി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനിടെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കിളിരൂര്‍ കേസ്‌ സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്‌ യുദ്ധത്തിനും വഴി തെളിച്ചു. ഇരുവര്‍ക്കും പിന്തുണയുമായി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി സഭയെ പ്രക്ഷുബ്‌ദമാക്കി.പ്രതിപക്ഷത്തിന്‌ മറുപടി നല്‍കവെ മുഖ്യമന്ത്രിയാണ്‌ കവിയൂര്‍, കിളിരൂര്‍ പീഡന കേസ്‌ സഭയിലേക്ക്‌ വലിച്ചിഴച്ചത്‌. കേസുമായി ബന്ധമുണ്ടെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുള്ള മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെയും പി.കെ.ശ്രീമതിയുടെയും പങ്ക്‌ പ്രതിപക്ഷത്തെ ഉപയോഗിച്ച്‌ സഭയില്‍ വെളിപ്പെടുത്തുകയായിരുന്നു വി.എസിന്റെ നീക്കമെന്ന്‌ വ്യക്തമായിരുന്നു. പ്രതിപക്ഷ നേതാവിന്‌ അറിയാമെങ്കില്‍ വി.ഐ.പി ആരാണെന്ന്‌ വെളിപ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വി.ഐ.പി കേസുമായി ബന്ധമുണ്ടെന്ന്‌ പറഞ്ഞ ഡോക്‌ടറോട്‌ താന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അതാരാണെന്ന്‌ വെളിപ്പെടുത്താന്‍ ഡോക്‌ടര്‍ തയ്യാറായില്ല. അതിനാല്‍ തനിക്കൊന്നും ചെയ്യാനാവില്ലെന്ന്‌ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തന്ത്രപൂര്‍വം തടിയൂരുകയായിരുന്നു.കിളിരൂര്‍-കവിയൂര്‍ കേസില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നും എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്‌ നടപടിയെടുത്തതെന്നും വി.എസ്‌ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്‌ 33 മാസം കഴിഞ്ഞിട്ടും, യു.ഡി.എഫ്‌ സ്വീകരിച്ച നടപടികള്‍ക്കപ്പുറം ഒന്നും ചെയ്‌തിട്ടില്ലെന്ന്‌ ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. കേസിലെ ലതാനായര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌ യു.ഡി.എഫ്‌ സര്‍ക്കാരാണ്‌. എല്‍.ഡി.എഫ്‌ അധികാരത്തില്‍ വന്നാല്‍ ആറുമാസത്തിനുള്ളില്‍ കേസിലെ വി.ഐ.പിയെ പിടികൂടുമെന്നാണ്‌ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌. എന്നിട്ട്‌ എന്തായി ? വി.ഐ.പി ആരാണെന്നും എവിടെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം- ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ആ വി.ഐ.പി ആരാണെന്ന്‌ തനിക്കും മുഖ്യമന്ത്രിക്കും അറിയാം. എന്നാല്‍ വി.ഐ.പിക്കെതിരെ നിയമപരമായി നടപടിയെടുക്കില്ലെന്ന നിലപാടായിരുന്നു താന്‍ സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കിളിരൂര്‍ കേസിലെ ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാണാനില്ലെന്നാണ്‌ പറയപ്പെടുന്നത്‌. ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നതായി അങ്ങയുടെ വിശ്വസ്‌തനായ സുരേഷ്‌കുമാര്‍ പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഇക്കാര്യം വി.എസ്‌ നിഷേധിച്ചു. ഫയല്‍ തന്റെ ഓഫീസിലില്ലെന്നും ശാരിയുടെ പിതാവ്‌ തന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക്‌ കൈമാറിയിട്ടുണ്ട്‌. അതിപ്പോള്‍ പ്രധാനമന്ത്രിയുടെ കൈവശമെത്തിയിട്ടുണ്ടാകും. കേസ്‌ സി.ബി.ഐ അന്വേഷിക്കുകയാണ്‌. അവരാണ്‌ പ്രതികളെ കണ്ടുപിടിക്കേണ്ടത്‌. അന്വേഷണം ത്വരിതപ്പെടുത്തണമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മുഖ്യമന്ത്രി പറഞ്ഞു. ഈ സമയമെല്ലാം മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആശങ്കയോടെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു കോടിയേരിയും പി.കെ.ശ്രീമതിയും.