Tuesday, March 3, 2009

കിളിരൂര്‍ വി.ഐ.പിയെ വി.എസ്‌ മറന്നു?

തിരുവനന്തപുരം: കിളിരൂര്‍ കേസിലെ വി.ഐ.പിക്കെതിരെ നടപടിയെടുക്കുമെന്ന പ്രസ്‌താവന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വിഴുങ്ങി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനിടെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കിളിരൂര്‍ കേസ്‌ സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്‌ യുദ്ധത്തിനും വഴി തെളിച്ചു. ഇരുവര്‍ക്കും പിന്തുണയുമായി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി സഭയെ പ്രക്ഷുബ്‌ദമാക്കി.പ്രതിപക്ഷത്തിന്‌ മറുപടി നല്‍കവെ മുഖ്യമന്ത്രിയാണ്‌ കവിയൂര്‍, കിളിരൂര്‍ പീഡന കേസ്‌ സഭയിലേക്ക്‌ വലിച്ചിഴച്ചത്‌. കേസുമായി ബന്ധമുണ്ടെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുള്ള മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെയും പി.കെ.ശ്രീമതിയുടെയും പങ്ക്‌ പ്രതിപക്ഷത്തെ ഉപയോഗിച്ച്‌ സഭയില്‍ വെളിപ്പെടുത്തുകയായിരുന്നു വി.എസിന്റെ നീക്കമെന്ന്‌ വ്യക്തമായിരുന്നു. പ്രതിപക്ഷ നേതാവിന്‌ അറിയാമെങ്കില്‍ വി.ഐ.പി ആരാണെന്ന്‌ വെളിപ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വി.ഐ.പി കേസുമായി ബന്ധമുണ്ടെന്ന്‌ പറഞ്ഞ ഡോക്‌ടറോട്‌ താന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അതാരാണെന്ന്‌ വെളിപ്പെടുത്താന്‍ ഡോക്‌ടര്‍ തയ്യാറായില്ല. അതിനാല്‍ തനിക്കൊന്നും ചെയ്യാനാവില്ലെന്ന്‌ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തന്ത്രപൂര്‍വം തടിയൂരുകയായിരുന്നു.കിളിരൂര്‍-കവിയൂര്‍ കേസില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നും എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്‌ നടപടിയെടുത്തതെന്നും വി.എസ്‌ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്‌ 33 മാസം കഴിഞ്ഞിട്ടും, യു.ഡി.എഫ്‌ സ്വീകരിച്ച നടപടികള്‍ക്കപ്പുറം ഒന്നും ചെയ്‌തിട്ടില്ലെന്ന്‌ ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. കേസിലെ ലതാനായര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌ യു.ഡി.എഫ്‌ സര്‍ക്കാരാണ്‌. എല്‍.ഡി.എഫ്‌ അധികാരത്തില്‍ വന്നാല്‍ ആറുമാസത്തിനുള്ളില്‍ കേസിലെ വി.ഐ.പിയെ പിടികൂടുമെന്നാണ്‌ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌. എന്നിട്ട്‌ എന്തായി ? വി.ഐ.പി ആരാണെന്നും എവിടെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം- ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ആ വി.ഐ.പി ആരാണെന്ന്‌ തനിക്കും മുഖ്യമന്ത്രിക്കും അറിയാം. എന്നാല്‍ വി.ഐ.പിക്കെതിരെ നിയമപരമായി നടപടിയെടുക്കില്ലെന്ന നിലപാടായിരുന്നു താന്‍ സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കിളിരൂര്‍ കേസിലെ ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാണാനില്ലെന്നാണ്‌ പറയപ്പെടുന്നത്‌. ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നതായി അങ്ങയുടെ വിശ്വസ്‌തനായ സുരേഷ്‌കുമാര്‍ പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഇക്കാര്യം വി.എസ്‌ നിഷേധിച്ചു. ഫയല്‍ തന്റെ ഓഫീസിലില്ലെന്നും ശാരിയുടെ പിതാവ്‌ തന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക്‌ കൈമാറിയിട്ടുണ്ട്‌. അതിപ്പോള്‍ പ്രധാനമന്ത്രിയുടെ കൈവശമെത്തിയിട്ടുണ്ടാകും. കേസ്‌ സി.ബി.ഐ അന്വേഷിക്കുകയാണ്‌. അവരാണ്‌ പ്രതികളെ കണ്ടുപിടിക്കേണ്ടത്‌. അന്വേഷണം ത്വരിതപ്പെടുത്തണമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മുഖ്യമന്ത്രി പറഞ്ഞു. ഈ സമയമെല്ലാം മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആശങ്കയോടെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു കോടിയേരിയും പി.കെ.ശ്രീമതിയും.

അലിഗഡ്‌: മന്ത്രി ബേബിക്ക്‌ മാപ്പില്ല 12ന്‌ മന്ത്രി മന്ദിരത്തിലേക്ക്‌ എം.എസ്‌.എഫ്‌ മാര്‍ച്ച്‌

കോഴിക്കോട്‌: സ്ഥലം അനുവദിക്കാതെ അലിഗഡ്‌ ഓഫ്‌ കാമ്പസ്‌ നഷ്‌ടപ്പെടുത്തിയ ശേഷം കേന്ദ്രത്തിനെതിരെ പ്രസ്‌താവന നടത്തുന്ന മന്ത്രി എം.എ.ബേബി വിദ്യാര്‍ത്ഥി കേരളത്തോട്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌ ചെയ്‌തതെന്ന്‌ എം.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മുന്നേFont sizeറ്റത്തിന്‌ ദാഹിക്കുന്ന മലബാറിന്‌ ഓര്‍ക്കാപ്പുറത്ത്‌ ലഭിച്ച അമൂല്യനിധിയാണ്‌ സംസ്ഥാന സര്‍ക്കാറിന്റെ സങ്കുചിത താല്‍പ്പര്യം മൂലം നഷ്‌ടപ്പെട്ടത്‌.`അലിഗഢ്‌ നഷ്‌ടപ്പെടുത്തിയ മന്ത്രി ബേബിക്ക്‌ മാപ്പില്ല' എന്ന മുദ്രാവാക്യം മുഴക്കി ഈ മാസം 11ന്‌ പാണക്കാട്ട്‌ നിന്നും എം.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ മന്ത്രി മന്ദിരം ലക്ഷ്യമാക്കി നീങ്ങും. 12ന്‌ കാലത്ത്‌ മന്ത്രി മന്ദിരത്തിലേക്ക്‌ മാര്‍ച്ച്‌ നടക്കും. മലബാര്‍ മേഖലയെ പിന്നോക്കത്തില്‍ തളച്ചിടാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാറിനോടുള്ള അടങ്ങാത്ത പ്രതിഷേധം പ്രകടമാകുന്ന മാര്‍ച്ചിന്‌ സംസ്ഥാന പ്രവര്‍ത്തകസമിതി അന്തിമ രൂപം നല്‍കി.പ്രസിഡന്റ്‌ പി.കെ.ഫിറോസ്‌ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ.സമദ്‌ സ്വാഗതം പറഞ്ഞു. ഷാനവാസ്‌ വട്ടത്തൂര്‍, കെ.കെ.നവാസ്‌,എന്‍.കെ.അഫ്‌സല്‍ റഹ്‌മാന്‍, പി.ഇസ്‌മായില്‍, ടി.പി.അഷ്‌റഫലി, കെ.എ.മുഹമ്മദ്‌ ആസിഫ്‌ പ്രസംഗിച്ചു. കെ.സി.സല്‍മാന്‍, ടി.മര്‍സദ്‌,എ.പി.മുസ്‌തഫ, ടി.മൊയ്‌തീന്‍ കോയ, ആഷിഖ്‌ ചെലവൂര്‍, വി.കെ.എം.ഷാഫി, സി.എച്ച്‌.കരീം, ഗഫൂര്‍ കോല്‍ക്കളത്തില്‍, ബാദ്‌ഷ പൗവ്വല്‍, റഊഫ്‌ ബൈക്കറ, പി.എ.ലിയാസ്‌, ഫൈസല്‍ ചെറുകുന്നേല്‍, സി.ടി.ഉനൈസ്‌ ചര്‍ച്ചയില്‍ പങ്കെടുത്തു.

അലിഗഡ്‌: സംസ്ഥാന സര്‍ക്കാര്‍ ദുഷ്‌ടലാക്കോടെ പ്രവര്‍ത്തിച്ചു- മന്ത്രി ഇ. അഹമ്മദ്‌

തേഞ്ഞിപ്പലം: അലീഗഡ്‌ സര്‍വ്വകലാശാലക്ക്‌ ഭൂമി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ദുഷ്‌ടലാക്കോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ.
അഹമ്മദ്‌ പ്രസ്‌താവിച്ചു. ആദ്യം നല്‍കാമെന്നേറ്റ സ്ഥലം പരിശോധനയും മറ്റും കഴിഞ്ഞ
ശേഷം മറ്റൊരു ഭൂമി ചൂണ്ടിക്കാണിച്ചത്‌ സര്‍വ്വകലാശാല നഷ്‌ടപ്പെടുത്തണമെന്ന
ലക്ഷ്യത്തോടെയാണ്‌. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്‍കാതെ കേന്ദ്ര
സര്‍ക്കാരിനെ പഴി പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള കാര്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ തന്നെക്കൊണ്ടു കഴിയുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌ തിരുത്തണമെന്നും അഹമ്മദ്‌ പറഞ്ഞു. കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ സോളിഡാരിറ്റി ഓഫ്‌ യൂനി: സിറ്റി എംപ്ലോയീസ്‌ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര ഗവണ്മെന്റ്‌ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടം നിലവാരം ഉയര്‍ത്തിക്കൊണ്ടായിരിക്കണം. 2010ല്‍ ഡല്‍ഹിയില്‍ സൗത്ത്‌ ഏഷ്യന്‍ സര്‍വ്വകലാശാല സ്ഥാപിതമാകുന്നതോടെ ഇന്ത്യ വിദ്യാഭ്യാസ രംഗത്ത്‌ ലോക രാഷ്‌ട്രങ്ങളുടെ മുന്‍പന്തിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ ഇ. ടി. മുഹമ്മദ്‌ ബഷീര്‍, ഡോ: കെ. എസ്‌. രാധാകൃഷ്‌ണന്‍, പ്രൊ. പി. മുഹമ്മദ്‌ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. അഡ്വ: കെ. എന്‍. എ. ഖാദര്‍ മോഡറേറ്ററായിരുന്നു. എം. എ. ഖാദര്‍, സി. പി. ഷബീറലി, ടി. പി. എം. ബഷീര്‍, ഇ. മുഹമ്മദ്‌ ബഷീര്‍, പി. അബ്‌ദുറഹിമാന്‍, ബഷീര്‍ കൈനാടന്‍ പ്രസംഗിച്ചു.