Tuesday, March 3, 2009

അലിഗഡ്‌: സംസ്ഥാന സര്‍ക്കാര്‍ ദുഷ്‌ടലാക്കോടെ പ്രവര്‍ത്തിച്ചു- മന്ത്രി ഇ. അഹമ്മദ്‌

തേഞ്ഞിപ്പലം: അലീഗഡ്‌ സര്‍വ്വകലാശാലക്ക്‌ ഭൂമി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ദുഷ്‌ടലാക്കോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ.
അഹമ്മദ്‌ പ്രസ്‌താവിച്ചു. ആദ്യം നല്‍കാമെന്നേറ്റ സ്ഥലം പരിശോധനയും മറ്റും കഴിഞ്ഞ
ശേഷം മറ്റൊരു ഭൂമി ചൂണ്ടിക്കാണിച്ചത്‌ സര്‍വ്വകലാശാല നഷ്‌ടപ്പെടുത്തണമെന്ന
ലക്ഷ്യത്തോടെയാണ്‌. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്‍കാതെ കേന്ദ്ര
സര്‍ക്കാരിനെ പഴി പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള കാര്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ തന്നെക്കൊണ്ടു കഴിയുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌ തിരുത്തണമെന്നും അഹമ്മദ്‌ പറഞ്ഞു. കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ സോളിഡാരിറ്റി ഓഫ്‌ യൂനി: സിറ്റി എംപ്ലോയീസ്‌ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര ഗവണ്മെന്റ്‌ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടം നിലവാരം ഉയര്‍ത്തിക്കൊണ്ടായിരിക്കണം. 2010ല്‍ ഡല്‍ഹിയില്‍ സൗത്ത്‌ ഏഷ്യന്‍ സര്‍വ്വകലാശാല സ്ഥാപിതമാകുന്നതോടെ ഇന്ത്യ വിദ്യാഭ്യാസ രംഗത്ത്‌ ലോക രാഷ്‌ട്രങ്ങളുടെ മുന്‍പന്തിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ ഇ. ടി. മുഹമ്മദ്‌ ബഷീര്‍, ഡോ: കെ. എസ്‌. രാധാകൃഷ്‌ണന്‍, പ്രൊ. പി. മുഹമ്മദ്‌ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. അഡ്വ: കെ. എന്‍. എ. ഖാദര്‍ മോഡറേറ്ററായിരുന്നു. എം. എ. ഖാദര്‍, സി. പി. ഷബീറലി, ടി. പി. എം. ബഷീര്‍, ഇ. മുഹമ്മദ്‌ ബഷീര്‍, പി. അബ്‌ദുറഹിമാന്‍, ബഷീര്‍ കൈനാടന്‍ പ്രസംഗിച്ചു.